കുടുംബ ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം ശോഭനയും അഭിനയിക്കുന്ന ചിത്രം, കല്ല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികയാവുന്ന ചിത്രം എന്ന് തുടങ്ങി മറ്റ് പ്രത്യേകതകളും ചിത്രത്തിനുണ്ട്.
ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമെന്ന സൂചന തരുന്നതായിരുന്നു ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകളും ട്രൈലറുമെല്ലാം. അതിനോട് നീതി പുലർത്തുന്ന സിനിമയാണ് 'വരനെ ആവശ്യമുണ്ട്'. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളെപ്പോലെ കുടുംബങ്ങളുടേയും ബന്ധങ്ങളുടേയും കഥയാണ് അനൂപിന്റെ ചിത്രവും പറയുന്നത്. സത്യൻ അന്തിക്കാട് ഗ്രാമാന്തരീക്ഷത്തിൽ കഥ പറഞ്ഞപ്പോ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം ചെന്നൈ നഗരത്തെ പശ്ചാത്തലമാക്കിയാണെന്ന വ്യത്യാസം മാത്രം.
ചെന്നൈയിലെ ഒരു ഫ്ലാറ്റിലെ താമസക്കാരാണ് നീനയും (ശോഭന) മകൾ നികിതയും ( കല്ല്യാണി പ്രിയദർശൻ ). അമ്മയുടെ പ്രണയ വിവാഹത്തിലെ പ്രശ്നങ്ങൾ കാരണം താൻ അറേഞ്ച്ഡ് മാരീജിനേ തയ്യാറാവൂ എന്നാണ് നികിതയുടെ നിലപാട്. അതിന് നികിത മാട്രിമോണി സൈറ്റുകളിലൂടെ പറ്റിയ വരനെ തേടുകയാണ്. നിരവധി ആലോചനകൾ വരുന്നെങ്കിലും ഒന്നും സെറ്റ് ആവുന്നില്ല. ഇതിനിടെ അവരുടെ ഫ്ലാറ്റിലേക്ക് ഫ്രോഡ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബിബീഷും(ദുൽഖർ സൽമാൻ) അവന്റെ അനിയനും താമസം മാറി വരുന്നു. മറ്റൊരു ഫ്ലാറ്റിലേക്ക് മേജർ ഉണ്ണികൃഷ്ണൻ (സുരേഷ് ഗോപി) എന്ന റിട്ട. പട്ടാളക്കാരനും എത്തുന്നു. ഇവരുടെ ഇടയിലുണ്ടാവുന്ന ബന്ധങ്ങളും സംഭവങ്ങളുമാണ് ചിത്രം.
വളരെ ലളിതമായി പറഞ്ഞ് പോവുന്ന കഥയാണ് ചിത്രത്തിന്റേത്. അനാവശ്യ ട്വിസ്റ്റുകളോ സസ്പെൻസുകളോ ഇല്ല. സത്യൻ അന്തിക്കാടിന്റെ ഫോർമുലയ്ക്ക് സമാനമായി കുടുംബവും അതിനുള്ളിലെ സംഭവങ്ങളും ക്രൈസിസുമാണ് കഥയെ മുന്നോട്ട് കൊണ്ട് പോവുന്നത്. എന്നാൽ ചിത്രം അതി വൈകാരികതയിലേക്ക് വഴുതി വീഴാതെ സംവിധായകൻ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യാനുസരണം നർമവും പാട്ടും ചേർത്ത് നന്നായി പാക്ക് ചെയ്യുന്നതിലും സംവിധായകൻ വിജയിച്ചു. കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്തെടുക്കാൻ സംവിധായകൻ കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിലും ചിത്രത്തെ മോശമായി ബാധിക്കാത്ത രീതിയിൽ അത് ചെയ്തിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. അന്തർമുഖനായ, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു കഥാപാത്രമാണ് മേജർ ഉണ്ണികൃഷ്ണന്റേത്. അന്തർമുഖത്വത്തിൽ നിന്ന് സൗമ്യനായ ഒരു പ്രണയിതാവിലേക്കുള്ള ഉണ്ണികൃഷ്ണന്റെ മാറ്റം സുരേഷ് ഗോപി ഭംഗിയായി ഫലിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള കോമഡിയും തന്റെ തന്നെ കഥാപാത്രങ്ങളുടെ റെഫറൻസുകളും ചിത്രത്തെ കൂടുതൽ എൻഗേജിംഗ് ആക്കിയിട്ടുണ്ട്.
വളരെ റൊമാന്റിക് ആയ, നൃത്തവും പാട്ടും മനസിൽ കൊണ്ടു നടക്കുന്ന ഒരു മധ്യവയസ്കയാണ് ശോഭനയുടെ കഥാപാത്രമായ നീന. അതീവ സുന്ദരമായ, ശക്തമായ ഒരു തിരിച്ചു വരവാണ് ശോഭനയ്ക്ക് ചിത്രം സമ്മാനിച്ചിരിക്കുന്നത്. ശോഭനയുടെയും സുരേഷ് ഗോപിയുടെയും പ്രകടനമാണ് ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റ്.
ദുൽഖറിന്റെ സ്ഥിരം 'കൂൾ ബോയ്' ഇമേജാണ് ഈ ചിത്രത്തിലും. തന്റെ സ്വതസിദ്ധമായ കരിഷ്മാറ്റിക് പ്രകടനത്തോടൊപ്പം വൈകാരിക രംഗങ്ങളിലും ദുൽഖർ ചിത്രത്തിൽ മികച്ചു നിന്നു. തമിഴിലും തെലുങ്കിലും മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും കല്ല്യാണി ആദ്യമായി മലയാളത്തിലെത്തുകയാണ് ചിത്രത്തിലൂടെ. കുട്ടിത്തവും പ്രണയവും വൈകാരികതയുമൊക്കെ കല്ല്യാണി അനായാസം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.
ദുൽഖറിന്റെ അനിയനായിട്ട് സ്ക്രീനിലെത്തിയത് ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സർവജിത്താണ്. ദുൽഖറും സർവജിത്തും തമ്മിലുള്ള കെമിസ്ട്രി വളരെ നല്ല രീതിയിൽ വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ജോണി ആന്റണി അവതരിപ്പിച്ച സൈക്കാട്രിസ്റ്റിന്റെ റോളും വളരെ കുറച്ചേ ഉണ്ടായിരുന്നെങ്കിലും മേജർ രവിയും നന്നായിരുന്നു.
മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. ചെന്നൈ നഗരവും ഇൻഡോർ സീനുകളും മികച്ച രീതിയിൽ തന്നെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. അൽഫോൻസ് ജോസഫിന്റെ സംഗീതവും സിനിമയ്ക്കൊപ്പം നിന്നു.