ടൊവിനോ തോമസിന്റെ ആദ്യ സിനിമ ഇതാണ്; ക്യാമറയ്ക്ക് മുന്നിലെ ആദ്യ ചിത്രം പങ്കുവച്ച് താരം

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിലെ ഏറ്റവും സ്റ്റാര്‍ വാല്യു ഉള്ള യുവതാരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. 'എന്ന് നിന്റെ മൊയ്തീന്‍' മുതലാണ് ടൊവിനോ പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നതെങ്കിലും അതിനു മുമ്പേയുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം എ.ബി.സി.ഡിയിലെ വേഷവും പ്രേക്ഷകരില്‍ പലര്‍ക്കും ഓര്‍മയുണ്ടാവും. എന്നാല്‍ അതിനും മുമ്പേഴുള്ള, തന്റെ കരിയറിലെ ആദ്യ സിനിമയിലെ ചിത്രം ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍.

Tovino Thomas shared photo of his first film Prabhuvinte Makkal

2012-ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'പ്രഭുവിന്റെ മക്കള്‍' എന്ന ചിത്രത്തിലാണ് ടൊവിനോ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയിലെ ഒരു സ്റ്റില്‍ ആണ് ടൊവീനോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. 'ഇവിടുന്നാണ് എല്ലാം തുടങ്ങിയത്. എട്ട് വര്‍ഷം മുമ്പ് ഈ ദിവസം ഞാന്‍ ആദ്യമായി സിനിമാ ക്യാമറയ്ക്ക് മുന്നില്‍ വന്നു. സൈഡിലും പിറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തന്ത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം.' - എന്നാണ് ചിത്രത്തോടൊപ്പം ടൊവിനോ കുറിച്ചത്.

അന്ധവിശ്വാസങ്ങളെയും കപട ഭക്തിയെയും ചോദ്യം ചെയ്ത് കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് പ്രഭുവിന്റെ മക്കള്‍. വിനയ് ഫോര്‍ട്ട്, മധു, കലാഭവന്‍ മണി, സലിം കുമാര്‍, പ്രകാശ് ബാരെ, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

എ.ബി.സി.ഡി, സെവന്‍ത് ഡേ, കൂതറ തുടങ്ങിയ ചിത്രങ്ങളില്‍ ടൊവിനോ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും 2015-ല്‍ ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത 'എന്നു നിന്റെ മൊയ്തീന്‍'ലെ അപ്പു എന്ന വേഷമാണ് ടൊവിനോയ്ക്ക് ഒരു കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് വന്ന ഗപ്പി, ഒരു മെക്‌സിക്കന്‍ അപാരത, ഗോധ, തരംഗം, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ ടൊവിനോയെ ഒരു യൂത്ത് സ്റ്റാര്‍ ആയി ഉയര്‍ത്തി.

സ്വപ്‌നേഷ് കെ. നായരുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന്‍ 06 ആണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം 'ഫോറന്‍സിക്' റിലീസിനൊരുങ്ങുകയാണ്.

എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനും കല്‍ക്കിയിലെ പൊലീസുകാരനും ശേഷം, ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിക്കുന്നതും.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കും.

നിലവില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ടൊവീനോ.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tovino Thomas shared photo of his first film Prabhuvinte Makkal

People looking for online information on Tovino Thomas will find this news story useful.